മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ടൂറിസം, വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രോഡക്ട് (ഒഡിഒപി) പ്രദര്‍ശന ഹാള്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗം ഡോ. ഭീം സിംഗ് പരിപാടിയില്‍ പങ്കെടുത്തു.
ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറിയെന്നും, ആന്ധ്രാപ്രദേശും തെലങ്കാനയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പ്രാദേശി ഉല്‍പന്നങ്ങളെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എംബസിയുടെ ‘ഫോക്കസ് സ്റ്റേറ്റ്/യൂണിയന്‍ ടെറിട്ടറി’
സംരംഭത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓരോ രണ്ട് മാസത്തിലും ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടൂറിസം, ഒഡിഒപി ഉല്‍പന്നങ്ങള്‍ ബഹ്റൈനില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ഇതുവരെ രാജസ്ഥാന്‍, കശ്മീര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുവായ സാംസ്‌കാരിക പൈതൃകം പങ്കിടുന്ന രണ്ട് തെക്കന്‍ സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശും തെലങ്കാനയും. സമ്പന്നമായ കാര്‍ഷിക ഉല്‍പ്പാദനത്തിന് പേരുകേട്ട ആന്ധ്രാപ്രദേശ്, പ്രത്യേകിച്ച് വിശാഖപട്ടണം വളരുന്ന ഐടി, വ്യാവസായിക മേഖലയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതിയും ആന്ധ്രാപ്രദേശിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി, ബിസിനസ് ഹബ്ബാണ് തെലങ്കാന. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ സാന്നിധ്യമുള്ള ഹൈദരാബാദ് ഒരു ആഗോള ഐടി ഡെസ്റ്റിനേഷന്‍ കൂടിയാണ്.