മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ”പ്രവാചകന്‍; നീതിയുടെ സാക്ഷ്യം” എന്ന കാമ്പയിനിന്റെ ഭാഗമായി മനാമ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ഫ്രന്‍ഡ്സ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ജമാല്‍ നദ്വി ഇരിങ്ങല്‍ വിഷയം അവതരിപ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുക എന്നതാണ് നീതി കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും അവര്‍ക്ക് വേദപുസ്തകങ്ങള്‍ നല്‍കിയതും ലോകത്ത് നീതി സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. നീതിയും കാരുണ്യവുമായി ബന്ധപ്പെട്ട നിരവധി സൂക്തങ്ങള്‍ നിറഞ്ഞതാണ് വിശുദ്ധ ഖുര്‍ആന്‍. വംശീയതയും കുടുംബമാഹാത്മ്യവും സ്വാര്‍ത്ഥതയും പ്രവാചകദര്‍ശനം നിരാകരിക്കുന്നു. നീതിയുടെ കാവലാളുകളാവാന്‍ വേണ്ടിയാണ് വിശ്വാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്യുദ്ധീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അവ്വാബ് സുബൈര്‍ ഖിറാഅത്ത് നടത്തി. മുഹമ്മദ് ഷാജി സ്വാഗതവും അസ്ലം വേളം സമാപനവും നടത്തി.