മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനെയും (എസ്ഐഒ) ലേബര്‍ ഫണ്ടിനെയും (തംകീന്‍) വഞ്ചിച്ച് വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയെടുത്ത കേസില്‍ പത്ത് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ. പത്ത് പേരും ബഹ്റൈനികളാണ്. ഇതില്‍ നാലുപേര്‍ സഹോദരങ്ങളാണ്. 230,000 ബഹ്റൈന്‍ ദിനാര്‍ ആണ് ഇവര്‍ തട്ടിയെടുത്തത്.
വ്യാജരേഖ ചമയ്ക്കല്‍, സ്വന്തം ലാഭത്തിനായി വ്യാജ രേഖകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ ആറു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്ഐഒയില്‍ നിന്ന് 90,000 ദിനാറും തംകീനില്‍ നിന്ന് 140,000 ദിനാറുമാണ് തട്ടിയെടുത്തത്. ഇതിനായി വ്യാജ തൊഴില്‍ കരാറുകള്‍ സമര്‍പ്പിച്ച കമ്പനി ഉടമകളായ സഹോദരന്മാരാണ് രണ്ട് പ്രധാന പ്രതികള്‍.
സാമൂഹിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നേടുന്നതിനായി രണ്ട് സ്ഥാപനങ്ങളും പുതിയ ജീവനക്കാരെ തങ്ങളുടെ വാണിജ്യ രജിസ്‌ട്രേഷന്‍ (സിആര്‍) രേഖകളില്‍ ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. സഹോദരങ്ങള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.
തട്ടിപ്പ് നടത്താന്‍ സഹോദരന്‍മാരെ സഹായിച്ച മറ്റ് എട്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും 500 ദിനാര്‍ പിഴയും വിധിച്ചു. ഇവര്‍ വ്യാജ തൊഴില്‍ കരാറുകള്‍ ഉണ്ടാക്കിയതായി കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.