മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്തിന് അവസാനമാവുകയാണ്. നാളെ രാത്രിയോടെ രാജ്യത്ത് ശരത്കാലം ഔദ്യോഗികമായി ആരംഭിക്കും. ശക്തമായ ശൈത്യം അനുഭവപ്പെടാന്‍ ഒക്ടോബര്‍ പകുതി വരെ കാത്തിരിക്കേണ്ടി വരും. 93 ദിവസവും 15 മണിക്കൂറും നീണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ വേനല്‍ക്കാലമാണ് കടന്നുപോകുന്നത്.
സെപ്റ്റംബര്‍ 25 വരെ രാജ്യത്തുടനീളം വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമായിരിക്കുമെന്നും ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ശരത്കാലം 89 ദിവസവും 20 മണിക്കൂറും നീളുമെന്നാണ് റിപ്പോര്‍ട്ട്.
പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 35 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും രാത്രിയില്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 27 ഡിഗ്രി സെല്‍ഷ്യസിന് താഴെയുമെത്തും. ഇതിനുപുറമേ ഗള്‍ഫ് നാടുകളിലെ പ്രധാന വില്ലനായ ഹ്യുമിഡിറ്റിയുടെ തോതും 70 ശതമാനത്തില്‍ താഴെ എത്തും.
കുട്ടികളിലും പ്രായമായവരിലും കാലാവസ്ഥാ മാറ്റം മൂലമുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നവംബര്‍ ആകുന്നതോടെ പകല്‍ സമയത്തെ താപനിലയും ഗണ്യമായി കുറഞ്ഞ് രാജ്യം കൂടുതല്‍ തണുപ്പിലേക്ക് കടക്കും.