മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ”പ്രവാചകന്‍; നീതിയുടെ സാക്ഷ്യം” എന്ന പ്രമേയത്തില്‍ നടന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യ സംഗമമായി മാറി. ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ ആണ് ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാവുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. റിഫ ദിശ സെന്ററില്‍വെച്ച് നടന്ന പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ നേതാക്കള്‍ പങ്കെടുത്തു.
കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ. അബ്ദുസ്സലാം അഹ്‌മദ് സംഗമം ഉദ്ഘാടനം ചെയ്തു. നീതി എന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശങ്ങള്‍ ഉറപ്പ് വരുത്തല്‍ ആണ്. ഇതിനാണ് പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ജീവിത ദര്‍ശനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രവാചകന്റെ ജീവിതം മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന നിലപാടുകളിലൂടെ ശ്രദ്ധേയമായിരുന്നു. ഭരണകൂട അനീതികള്‍ ഏറിവരുന്ന സമകാലിക കാലത്ത് കക്ഷിതാല്‍പര്യത്തിനപ്പുറം എല്ലാ മനുഷ്യര്‍ക്കും ലോകത്ത് നീതി ലഭിക്കണം. നീതികേടിന്റെ ഏറ്റെവും വലിയ ഉദാഹരണമാണ് ഇന്ന് ഫലസ്തീന്‍.
സംസ്‌കാരമില്ലാത്തവരും കാടന്മാരുമെന്നാണ് പാശ്ചാത്യലോകം നബിയുടെ കാലഘത്തിലുള്ളവരെ വിശേഷിപ്പിക്കാറുള്ളത്. ആ കാലഘട്ടത്തില്‍ പോലും ശത്രുവിന്റെ പക്ഷത്ത് നിന്നും സന്ധി സംഭാഷണങ്ങള്‍ക്ക് വരുന്നവരോട് ഏറ്റവും മാന്യമായാണ് പെരുമാറാറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സമാധാന ചര്‍ച്ചകള്‍ക്ക് വിളിക്കുകയും എന്നിട്ട് അവരെ കൊല്ലുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ലോകത്താണ് നാമിപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്.
ദൈവം പ്രവാചകനെ നിയോഗിച്ചതും വേദപുസ്തകം അവതരിപ്പിച്ചതും ലോകത്ത് നീതിയും സമത്വവും സ്ഥാപിക്കാന്‍ വേണ്ടിയാണ്. നബിയുടെ സ്വഭാവം വിശുദ്ധ ഖുര്‍ആനായിരുന്നു. അതിന്റെ ജീവിക്കുന്ന പ്രായോഗിക മാതൃക അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ലോകത്തിനു മുന്നില്‍ അദ്ദേഹം വരച്ചു വെച്ചു. വിശ്വാസി സമൂഹത്തോടും നീതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി നിലകൊള്ളാനാണ് അദ്ദേഹം കല്‍പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍, ബഹ്റൈന്‍ ക്‌നാനായ ചര്‍ച്ച് വികാരി റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ അസീല്‍ അബ്ദുറഹ്‌മാന്‍, ഒഐസിസി കേന്ദ്ര സമിതി അംഗം റംഷാദ് അയിലക്കാട്, ഹുസൈന്‍ വയനാട്, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍ പൂവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്ക്ള്‍ പ്രസിഡന്റ് സുബൈര്‍ എംഎം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ സ്വാഗതവും കേന്ദ്ര സമിതി അംഗം അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു.