ന്യൂഡല്‍ഹി: പ്രവാസി വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വര്‍ഗീസ് മുല്ലന്‍പാറക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഉത്തരവിട്ടത്. 2021 ല്‍ പോസ്റ്റ് ബിഎസ്‌സി പഠനത്തിന് ബെംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ മുഴുവന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തെ ഫീസ് പൂര്‍ണമായും നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്ന് അറിയിച്ചു. കുവൈറ്റില്‍ ജോലി ചെയ്യുന്ന ജേക്കബ് പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ കോളേജിനെതിരെ ഉചിതമായ നടപടിയെടുക്കണം എന്ന് യുജിസിക്ക് നിര്‍ദേശവും നല്‍കി. അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസില്‍ ജെയ്‌സണ്‍ എന്നിവര്‍ ഹര്‍ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി.
നഴ്‌സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഉത്തരവുകള്‍ നേടിയിരുന്നു. എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനില്‍കുന്നതായും ഇത്തരം സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്‌നമുള്ളവര്‍ക്കു പ്രയോജനകരമാണെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.