മനാമ: മഹാബലിയുടെ പത്നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം ‘വിന്ധ്യാവലി’ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി അരങ്ങിലെത്തുന്നു. താരസംഘടനയായ എഎംഎംഎയുടെ പ്രഥമ വനിതാ പ്രസിഡന്റും നടിയുമായ ശ്വേത മേനോന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം. ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമര്‍ശിക്കപ്പെടാത്ത വിന്ധ്യാവലിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഈ നൃത്തനാടകത്തിലൂടെ ദൃശ്യവത്കരിക്കുന്നു.
വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ദിവ്യ മനോജ് (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരാണ് നാടകത്തിന്റെ ഏകോപനം നിര്‍വഹിക്കുന്നത്. ബഹ്‌റൈനിലെ നൂറിലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ഈ കലാവിഷ്‌കാരം ബഹ്‌റൈനിലെ കലാസ്വാദകര്‍ക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വര്‍ഗീസ് ജോര്‍ജ്ജ് (ശ്രാവണം ജനറല്‍ കണ്‍വീനര്‍)- 39291940 ബന്ധപ്പെടുക.