ബഹ്‌റൈന്‍ മലയാളികളെ ‘പാട്ടിലാക്കാന്‍’ ആര്യ ദയാലും സച്ചിന്‍ വാര്യരും എത്തുന്നു

New Project (62)

 

മനാമ: സംഗീത പ്രേമികളുടെ മനം കവര്‍ന്ന യുവഗായിക ആര്യ ദയാലും ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യരും ബഹ്‌റൈനിലെത്തുന്നു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2025 നോടനുബന്ധിച്ച് സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച രാത്രി 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സംഗീതനിശ.

വൈവിധ്യമാര്‍ന്ന ആലാപന ശൈലികൊണ്ടും വേറിട്ട ശബ്ദം കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആര്യ ദയാല്‍ 2016 ല്‍ ‘സഖാവ്’ എന്ന കവിതയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2020 ല്‍ എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യു’ എന്ന ഗാനത്തിന് ആര്യ ഒരുക്കിയ കവര്‍ വേര്‍ഷന്‍, കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നടന്‍ അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ആര്യ കൂടുതല്‍ ശ്രദ്ധേയയായി മാറുകയും ഇതരഭാഷകളിലടക്കം നിരവധി സിനിമകളില്‍ അവസരം ലഭിക്കുകയും ചെയ്തു.

സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യര്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്ത് എത്തുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് സച്ചിനെ ചലച്ചിത്രരംഗത്ത് കൂടുതല്‍ പ്രശസ്തനാക്കുന്നത്. 2016ല്‍ ആനന്ദം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ട് സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായി.

കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരുള്ള ആര്യയുടെയും സച്ചിന്റെയും സംഗീത വിരുന്ന്, ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് ഓണത്തിന്റെ ആഘോഷം കൂടുതല്‍ വര്‍ണാഭമാക്കാന്‍ സഹായിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍) 3929194.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!