മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം നടത്തുന്ന പതിമൂന്നാമത് ശാസ്ത്രപ്രതിഭ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും. ബഹ്‌റൈനിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതാത് സ്‌കൂളുകള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിജ്ഞാന്‍ മംത്ഥന്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളുമായി ശാസ്ത്രപ്രതിഭകള്‍ക്ക് മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും.
ഇന്ത്യയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിജ്ഞാന്‍ മംത്ഥന്‍ പരീക്ഷയില്‍ ഈ വര്‍ഷം ഇരുപത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. ശാസ്ത്രപ്രതിഭ പരീക്ഷയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് 75000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇത്തവണ ഗ്രെയിഡ് അടിസ്ഥാനത്തിലാണ് ശാസ്ത്രപ്രതിഭ പരീക്ഷ നടക്കുന്നത്. ആറു മുതല്‍ പതിനൊന്ന് വരെയുള്ള ക്ളാസുകളില്‍ ഓരോ ഗ്രെയിഡിലെയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കും.
ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ബ്രഹ്‌മോസ്, ബിഎച്ച്എഎല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ‘ശാസ്ത്രയാന്‍’ സംഘത്തിലും ശാസ്ത്രപ്രതിഭകളെ ഉള്‍പ്പെടുത്തും. ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ഹ്രസ്വകാല ഇന്റേണ്‍ഷിപ് ചെയ്യാനുള്ള അവസരം ലഭിക്കും.
ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഒന്നാം ഘട്ടം ഈ വരുന്ന നവംബര്‍ എട്ടിന് ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുന്നത്. രണ്ടാം ഘട്ടം നവംബര്‍ അവസാന വാരവും അവസാനഘട്ടം ഡിസംബര്‍ ആദ്യ വാരവും നടക്കുമെന്ന് സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡന്റ് കെഎസ് അനിലാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശാസ്ത്രപ്രതിഭ പരീക്ഷക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അതാത് സ്‌കൂളിലെ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുമായി സെപ്റ്റംബര്‍ മുപ്പതിന് മുന്‍പായി ബന്ധപ്പെടേണ്ടതാണ്. ശാസ്ത്രപ്രതിഭ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും മൂല്യനിര്‍ണയം നടത്തുന്നതും ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന ഭാരതി ആണ്. സിബിഎസ്ഇയുടെ സഹകരണത്തോടെയാണ് ശാസ്ത്രപ്രതിഭ നടത്തുന്നത്.