മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത 17 കാരിയെ കസ്റ്റഡിയിലെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടി ഒരു വ്യക്തിക്കെതിരെ അധിക്ഷേപകരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കൂടാതെ ഒരു ഭിന്നശേഷിക്കാരന്റെ ഫോട്ടോകളും അനുചിതമായ സംഭാഷണങ്ങളും പെണ്‍കുട്ടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. റിപ്പോര്‍ട്ട് ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രശസ്തി നേടാനും സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സ് വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് ഈ പോസ്റ്റുകള്‍ ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിയെ തടങ്കലില്‍ വയ്ക്കാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.