മനാമ: സ്ത്രീകള്‍ക്കായി പ്രത്യേക ‘പിങ്ക്’ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുള്ള പ്രപ്പോസല്‍ നിര്‍ത്തിവെച്ചു. ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിനുള്ളില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് ഇത്.
ബോര്‍ഡ് അംഗം ഡോ.വഫ അജൂര്‍ ആണ് പിങ്ക് പാര്‍ക്കിംഗ് എന്ന ആശയത്തിന് പിന്നില്‍. ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് ബേകളുടെ കുറഞ്ഞത് 20 ശതമാനമെങ്കിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നായിരുന്നു ഡോ. വഫ അജൂര്‍ നിര്‍ദേശിച്ചത്.
അതേസമയം, ബോര്‍ഡ് ചെയര്‍വുമണ്‍ ഖുലൂദ് അല്‍ ഖത്തന്‍ പ്രത്യേക പാര്‍ക്കിംഗ് അനുവദിക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ‘പല മാളുകളിലും ഷോപ്പര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 90 ശതമാനം ഉപയോക്താക്കളും സ്ത്രീകളാണെങ്കില്‍, പാര്‍ക്കിംഗിന്റെ 20 ശതമാനം സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല’, അവര്‍ പറഞ്ഞു.
സുരക്ഷയെ മുന്‍നിര്‍ത്തി ഈ ആശയം പ്രധാനമാണെന്ന് ഡോ. അജൂര്‍ വാദിച്ചു. ”പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷിതത്വബോധം വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിത പാര്‍ക്കിംഗിനായി ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനും ദൈനംദിന യാത്രകള്‍ എളുപ്പമാക്കുന്നതിനും ഈ ഇടങ്ങള്‍ സഹായിക്കും, പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ത്രീകള്‍, കുട്ടികളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക്,” ഡോ. അജൂര്‍ പറഞ്ഞു.
സ്ത്രീകളോടുള്ള ബഹുമാനവും സമൂഹത്തില്‍ അവരുടെ പങ്കും പ്രതിഫലിപ്പിക്കുന്ന ഒരു പ്രായോഗികവും പരിഷ്‌കൃതവുമായ നടപടിയാണിതെന്നും അവര്‍ പറഞ്ഞു. ജര്‍മ്മനി, ദക്ഷിണ കൊറിയ, യുഎഇ തുടങ്ങിയ പല രാജ്യങ്ങളും സമാനമായ നിര്‍ദേശം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.