വികസന മുന്നേറ്റതിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് കേരളം; ഇപി ജയരാജന്‍

New Project (86)

മനാമ: അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹ്യ മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍. ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി- അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങളാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. നാടിന്റെ സമസ്തമേഖലകളെയും സ്പര്‍ശിച്ച സമഗ്രമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. ആരോഗ്യ, വിദ്യാഭ്യാസ , പശ്ചാത്തല വികസന, സാമൂഹിക രംഗങ്ങളില്‍ എല്ലാം ആ മാറ്റം പ്രകടമാണ്.

നവംബര്‍ ഒന്നോടു കൂടെ അതിദരിദ്രര്‍ ഇല്ലാത്ത ഒരു നാടായി കേരളം പ്രഖ്യാപിക്കപ്പെടാന്‍ പോവുകയാണ്. ശബരിമലയെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 65 ലക്ഷം വയോധികര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നു. ലക്ഷക്കണക്കിന് ഭാവന രഹിതര്‍ക്ക് വീടും, ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പട്ടയം നല്‍കി അവരെ ഭൂമിയുടെ ഉടമകളാക്കിയും മാറ്റി.

ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്നതിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി പ്രവാസികള്‍ക്കായി ആരംഭിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കാത്തിരിപ്പ് കാലാവധി ഇല്ലാ എന്നതും എല്ലാ പ്രായക്കാര്‍ക്കും ഒരേ പ്രീമിയം എന്നതും നിലവിലുള്ള രോഗാവസ്ഥയിലും പദ്ധതിയില്‍ ചേരാം എന്നതും ഉള്‍പ്പെടെ ഉള്ള സവിശേഷതകള്‍ പ്രവാസികള്‍ക്ക് വലിയ പ്രയോജനം ചെയ്യും. മുഴുവന്‍ പ്രവാസികളും കുടുംബാംഗങ്ങളും നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിയുടെ ഗുണം പ്രയാജനപ്പെടുത്തണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തി വരുന്ന ക്രൂരതക്ക് അറുതിവരുത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും മേല്‍ ഭീഷണിയായി നിലനില്‍ക്കുന്ന അമേരിക്കയുടെ സാമ്പത്തിക യുദ്ധമുറയായ ഇറക്കുമതി ചുങ്കം ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്നും അതിജീവിക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം അട്ടിമറിച്ചും അനഭിമതരായവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയും പൗരത്വം തന്നെ ഇല്ലാതാക്കിയും ബീഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ ബിജെപി നടത്തുന്ന പ്രവൃത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം സംരക്ഷിക്കാനും ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും നാടിനും സാധാരണ ജനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വലിയ സംഭാവന ചെയ്ത സീതാറാം യെച്ചൂരിയുടെയും അഴീക്കോടന്‍ രാഘവന്റെയും ഓര്‍മ്മകള്‍ ഊര്‍ജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

അനുസ്മരണ പരിപാടിയില്‍ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അഭിവാദ്യം ചെയ്തു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!