മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ- ബിഎഫ്‌സി ‘ഓണം പൊന്നോണം 2025’ ആഘോഷങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ കെസിഎ അങ്കണത്തില്‍ വച്ച് നടന്നു. ബിഎഫ്‌സി സെയില്‍സ് ഹെഡ് അനുജ് ഗോവില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബിഎഫ്‌സി മാര്‍ക്കറ്റിംഗ് ഹെഡ് അരുണ്‍ വിശ്വനാഥന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ ഔദ്യോഗിക ജീവിതം താല്‍ക്കാലികമായി അവസാനിച്ചു പോകുന്ന അരുണ്‍ വിശ്വനാദിന് കെസിഎ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കെസിഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിഎഫ്‌സി നല്‍കുന്ന പിന്തുണക്ക് കെസിഎ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ റോയ് സി ആന്റണി ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ വെച്ച് വിവിധ ഓണ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. അതത് മത്സരങ്ങളിലെ കണ്‍വീനര്‍മാരെ മെമെന്റോ നല്‍കി ആദരിച്ചു. ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് നടത്തിയ ഓണപാട്ട് മത്സരത്തില്‍ പ്രതിഭ സ്വരലയ എ ടീം ഒന്നാം സ്ഥാനവും കെസിഎ സ്വരലയ സീനിയര്‍സ് ടീം രണ്ടാം സ്ഥാനവും സര്‍ഗ്ഗ സംഗീതം ടീം മൂന്നാം സ്ഥാനവും നേടി.
കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് ആകര്‍ഷണമായി.