മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച 8 മണിക്ക് തുടക്കമാകും. മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെയും സംഗീത അധ്യാപകരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത അര്‍ച്ചനയോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സമാജം ഏര്‍പ്പെടുത്തിയ ‘ബികെഎസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ സമര്‍പ്പണം രണ്ടാം ദിനമായ ബുധനാഴ്ച വൈകിട്ട് 8 മണിക്ക് നടക്കും.
മലയാള സംഗീത ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബുധനാഴ്ച രാത്രി എട്ടുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണത്തോടൊപ്പം വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍കോര്‍ത്തിണക്കിയ സംഗീത നിശയും അരങ്ങേറും.
ചടങ്ങില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ്. അയ്യര്‍, കെ ശബരീനാഥ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വിജയദശമി ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. മുഖ്യാതിഥി ഡോ. ദിവ്യ എസ് അയ്യര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാസ് ഇബ്രാഹിം: 33189894, വിനയചന്ദ്രന്‍ നായര്‍: 39215128.









