മനാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും ടയര്‍-വണ്‍ പദവി നിലനിര്‍ത്തി ബഹ്‌റൈന്‍. മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന രാജ്യങ്ങള്‍ക്കാണ് ടയര്‍-വണ്‍ റാങ്കിംഗ് നല്‍കുന്നത്. മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ നേട്ടം.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടായ ‘ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ് (ടിഐപി) റിപ്പോര്‍ട്ടിലാണ് മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ ബഹ്റൈന്റെ നേട്ടം വ്യക്തമാക്കുന്നത്. 188 രാജ്യങ്ങളുടെ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കുകയും അവയെ മൂന്ന് തലങ്ങളായി തരംതിരിക്കുകയും ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്.
തൊഴില്‍ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയസമിതിയുടെ ചെയര്‍മാനുമായ നിബ്രാസ് താലിബ് പറഞ്ഞു.
വിവിധ തൊഴില്‍ നിയമങ്ങളടങ്ങുന്ന ശക്തമായ ചട്ടക്കൂടാണ് തൊഴില്‍ മേഖലയില്‍ ബഹ്റൈന്‍ വികസിപ്പിച്ചിരിക്കുന്നത്. ‘മനുഷ്യക്കടത്ത് വിരുദ്ധ നിയമം 2008′ ബഹ്റൈന്റെ ഈ രംഗത്തെ പ്രധാന ചുവടുവെപ്പാണ്. കൂടാതെ, മനുഷ്യക്കടത്ത് കേസുകള്‍ക്കായി പ്രത്യേക പബ്ലിക് പ്രോസിക്യൂഷന്‍, നീതിന്യായ സംവിധാനം എന്നിവ സ്ഥാപിച്ചു. ഇരകള്‍ക്കുള്ള പുനരധിവാസ കേന്ദ്രം, വേതന സംരക്ഷണ സംവിധാനം, ടുഗെദര്‍ വി വര്‍ക്ക്’ പോലുള്ള കാമ്പയിനുകളും ബഹ്റൈന്‍ നടപ്പാക്കി.









