മനാമ: ‘പൊതു മാന്യത’ സംരക്ഷിക്കുക, സാമൂഹിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക, പൊതു ഇടങ്ങളില്‍ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപി ഹനാന്‍ ഫര്‍ദാന്‍. ‘പൊതു മാന്യത സംരക്ഷിക്കുന്നതിനുള്ള നിയമം’ എന്ന തലക്കെട്ടിലുള്ള കരട് നിയമം എംപി അവതരിപ്പിച്ചു.
‘പൊതു മാന്യത’ സംരക്ഷിക്കുന്ന വസ്ത്രധാരണ രീതി സ്വീകരിക്കണം എന്നാണ് പ്രധാന ആവശ്യം. ബഹ്റൈന്റെ സാംസ്‌കാരിക സ്വത്വത്തിനും ദേശീയ മൂല്യങ്ങള്‍ക്കും അനുസൃതമായി പൊതു ഇടങ്ങളിലെ പെരുമാറ്റത്തിനുള്ള ചട്ടക്കൂട് രൂപീകരിക്കണമെന്ന് എംപി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് 100 ബഹ്റൈന്‍ ദിനാര്‍ മുതല്‍ പിഴ ഈടാക്കും.
‘രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയില്‍ വിവരിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമായി സമൂഹത്തിന്റെ മൂല്യങ്ങള്‍, തത്വങ്ങള്‍, സ്വത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന പെരുമാറ്റങ്ങള്‍’ എന്നാണ് ‘പൊതു മന്യത’യെ നിര്‍ദ്ദിഷ്ട നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത്.
മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, സിനിമാശാലകള്‍, കായിക വേദികള്‍, മെഡിക്കല്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗതം, ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന മറ്റ് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ സന്നിഹിതരാകുന്ന എല്ലാ വ്യക്തികള്‍ക്കും നിയമം ബാധകമാകും.