മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സംഘടിപ്പിച്ച ‘എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്-2025’ വിദ്യാരംഭ ദിനത്തില്‍ അദ്ലിയയിലെ കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്നു. ഗുരുദേവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളുടെ മികവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമര്‍പ്പിത സേവനം, അധ്യാപകരുടെ സമര്‍പ്പണം എന്നിങ്ങനെ സാമൂഹിക സേവനത്തിന്റെയും ഐക്യത്തിന്റെയും ആഴമുള്ള സന്ദേശം പകര്‍ന്നു നല്‍കുന്നതായിരുന്നു ചടങ്ങുകള്‍.
അവാര്‍ഡ് ദാന ചടങ്ങുകള്‍ കേരള സര്‍ക്കാര്‍ നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. യുവത്വത്തിന് പ്രചോദനമേകുന്ന അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം, വിദ്യാഭ്യാസം ഒരു തൊഴില്‍ മാര്‍ഗം മാത്രമല്ല, സമൂഹത്തിനെ കരുണയോടും സ്‌നേഹത്തോടും കൂടി ചേര്‍ത്ത് പിടിക്കാനുള്ള ദൗത്യമാണെന്നുമുള്ള സന്ദേശം നല്‍കി.
ജിഎസ്എസ് കുടുംബത്തിലെ 10,12 ക്ലാസുകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും, ബഹ്റൈന്‍ ഐലന്‍ഡ് ടോപേഴ്‌സ് ആയ വിദ്യാര്‍ത്ഥികള്‍ക്കും മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ജിഎസ്എസ് കുടുംബത്തിലെ മറ്റ് അധ്യാപകരെയും, ജിഎസ്എസ് മലയാളം പാഠശാലയിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ പ്രത്യേകമായി ആദരിക്കപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, ഡോ. രാജു നാരായണ സ്വാമി ഐഎഎസില്‍ നിന്നും മൊമെന്റോ ഏറ്റുവാങ്ങി. ജിഎസ്എസ് ചെയര്‍മാന്‍, സനീഷ് കൂറുമുള്ളില്‍ സ്‌കൂളിനുള്ള പ്രശസ്തിപത്രവും സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പളനി സ്വാമി, സെക്രട്ടറി രാജപാണ്ഡ്യന്‍ മറ്റു ഐഎസ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ ചെയര്‍മാന്‍മാരായ പ്രിന്‍സ് നടരാജന്‍, എബ്രഹാം ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ ജിഎസ്എസിന്റെപുതിയ ചാരിറ്റി പദ്ധതി ‘ഗുരു കാരുണ്യ സ്പര്‍ശത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം, ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ബഹ്റൈന്‍ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയും പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ജിഎസ്എസ് ഗുരുസ്മൃതി അവാര്‍ഡ് 2024 ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കെജി ബാബുരാജന് നല്‍കി നിര്‍വഹിച്ചു.
അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, കെജി ബാബുരാജന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ പ്രശംസിച്ച്, സമൂഹം വിദ്യാഭ്യാസം വഴി ഉയരേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു. ജിഎസ്എസ് കുടുംബങ്ങളും കുട്ടികളും വിവിധ സാമൂഹിക സാംസകാരിക മേഖലയിലെ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങില്‍ ജിഎസ്എസ് ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദര്‍ശനം ഉദ്ധരിച്ച് ജിഎസ്എസിന്റെ ദൗത്യം വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതവും സൊസൈറ്റി, വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു സംസാരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ജിഎസ്എസ് കുടുംബാംഗവുമായ മിഥുന്‍ മോഹന്‍, ജിഎസ്എസ് വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ എന്നിവര്‍ വിദ്യാഭ്യാസം സംബന്ധിച്ച ദര്‍ശനങ്ങള്‍ പങ്കുവെച്ച് പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. രാജി ഉണ്ണികൃഷ്ണന്‍ അവതാരകയായ എജ്യൂക്കേഷന്‍ എക്‌സൈസ് അവാര്‍ഡ് ദാന ചടങ്ങ് സൊസൈറ്റി, വിദ്യാഭ്യാസം, സേവനം, ഐക്യം എന്നീ ഗുരുദേവന്റെ അടിസ്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വേദിയായി മാറി.