മനാമ: സ്വകാര്യ മേഖലയില്‍ സമയബന്ധിതമായി ശമ്പളം വിതരണം ചെയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ‘വേതന സംരക്ഷണ സംവിധാനം’ (ഡബ്യുപിഎസ്) നവീകരിക്കുന്നതിന്റെ അന്തിമ ഒരുക്കങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ആരംഭിച്ചു. ഡബ്യുപിഎസുമായി പൂര്‍ണ്ണമായും സംയോജിപ്പിച്ച ധനകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ക്രമേണെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര വിശ്വാസവും അംഗീകാരവും നേടിയെടുത്ത, ശക്തമായ തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കുന്നതില്‍ ബഹ്റൈന്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി ചെയര്‍മാനുമായ നെബ്രാസ് താലിബ് പറഞ്ഞു. രാജ്യത്തിന്റെ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ വിവേചനമില്ലാതെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മനുഷ്യക്കടത്ത് പ്രതിരോധത്തില്‍ ബഹ്റൈന്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക ‘ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ് ‘ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഇത് മനുഷ്യാവകാശങ്ങളോടും തൊഴില്‍ സംരക്ഷണത്തോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും താലിബ് പറഞ്ഞു.
നവീകരിച്ച വേതന സംരക്ഷണ സംവിധാനം എല്‍എംആര്‍എ, സര്‍ക്കാര്‍ ഏജന്‍സികള്‍, സാമ്പത്തിക മേഖല എന്നിവയെ ബന്ധിപ്പിക്കുന്ന പൂര്‍ണ്ണമായും സംയോജിപ്പിച്ച ഒരു പ്ലാറ്റ്ഫോമാണ്. ഇത് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കുകയും മേല്‍നോട്ടം ശക്തിപ്പെടുത്തുകയും തൊഴില്‍ വിപണിയിലുടനീളം സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നിബ്രാസ് താലിബ് വിശദീകരിച്ചു.
നവീകരിച്ച സംവിധാനം വഴി തൊഴിലുടമകള്‍ക്ക് കൃത്യസമയത്ത്, പറഞ്ഞുറപ്പിച്ച ശമ്പളം നല്‍കാന്‍ സാധിക്കും. ഇത് വേതനവുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കും. ജീവനക്കാരുമായി കരാര്‍ ബന്ധം നിലനിര്‍ത്തിക്കൊണ്ട് വിവിധ സ്ഥാപനങ്ങളുടെ നയങ്ങള്‍ക്കനുസൃതമായി പേയ്‌മെന്റുകള്‍ നല്‍കാന്‍ സാധിക്കും.