മനാമ: മനാമയിലെ പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16 ന് മുമ്പ് തിരിച്ചെടുക്കാന്‍ ഉടമകളോട് ക്യാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ടുബ്ലിയിലെ ഒരു യാര്‍ഡിലാണുള്ളത്. ഇവിടെനിന്നും തിരിച്ചെടുക്കാനാണ് നിര്‍ദേശം.
വാഹന ഉടമകള്‍ക്കോ അവരുടെ നിയമപരമായ പ്രതിനിധികള്‍ക്കോ ഇവിടെ നിന്ന് വാഹനങ്ങള്‍ തിരിച്ചെടുക്കാം. നഗരത്തിലുടനീളം പൊതുക്രമവും ശുചിത്വവും നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ക്യാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി അറിയിച്ചു.
തെരുവുകള്‍, നടപ്പാതകള്‍, പൊതു ഇടങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങളും പാഴ്‌വസ്തുക്കളും നീക്കം ചെയ്തതായി അതോറിറ്റിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തിരികെ ലഭിക്കാന്‍ പിഴയടക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 17983288 എന്ന നമ്പറിലോ, വാട്‌സ്ആപ് വഴി 33266988 എന്ന നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാം.