മനാമ: ബഷീര്‍ കടമേരി എന്ന പേര് മുഹറഖിലും പരിസരങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്ക് സുപരിചിതമാണ്. 1984 ല്‍ ബഹ്‌റൈനില്‍ പ്രവാസജീവിതം ആരംഭിച്ച ബഷീര്‍ 25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങള്‍ സാമൂഹ്യ, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം മുഹറഖ് ഏരിയാ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ സജീവപ്രവര്‍ത്തകനായും വിവിധ ഘടകങ്ങളില്‍ ഭാരവാഹിയായും അദ്ധേഹം നിറഞ്ഞുനിന്നു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐസിഎഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ മുഹറഖ് റീജിയന്‍ തസ്‌കിയ സെക്രട്ടറി ബഷീര്‍ കടമേരിയായിരുന്നു. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും മുഹറഖ് ഏരിയയില്‍ ഐസിഎഫിന് വലിയ ഊര്‍ജ്ജം പകര്‍ന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് ബഷീര്‍ ബഹ്റൈനിനോട് വിടപറയുന്നത്.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് താന്‍ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍. മതസൗഹാര്‍ദ്ദത്തിനും വിശാല മനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഷീറിന് ഐസിഎഫ് മുഹറഖ് റീജിയന്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മുഹറഖ് സുന്നീ സെന്ററില്‍ നടന്ന ചടങ്ങില്‍ സൈനുദ്ധീന്‍ സഖാഫി, അബ്ദുള്‍ ഹഖീം സഖാഫി കിനാലൂര്‍, അബ്ദുസമദ് കാക്കടവ്, ഷഫീഖ് കെപി, മുഹമ്മദ് കോമത്ത്, അബ്ദുറഹ്‌മാന്‍ കെകെ, ഇബ്രഹീം വി, അബ്ദുറസാഖ്, സാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.