ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കുടിയേറ്റ ബില്ലിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍. 1983 ലെ കുടിയേറ്റ നിയമം കലഹരണപെട്ടുവെന്നും മാറിയ കാലഘട്ടത്തിലെ കുടിയേറ്റത്തിലുള്ള വെല്ലുവിളികള്‍ മറികടക്കാനായി കാലാനുസൃതമായി നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നുമുള്ള ആവശ്യം വളരെ കാലമായി പ്രവാസി ലീഗല്‍ സെല്‍ ഉന്നയിച്ചിരുന്നു.
കുടിയേറ്റത്തിലെ ഏറ്റവും വലിയ വിഭാഗമായ വിദ്യാര്‍ത്ഥി കുടിയേറ്റം നിലവിലെ നിയമത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
അതുപോലെ നിലവിലുള്ള കുടിയേറ്റ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് വ്യാപകമായ വിദേശ ജോലി തട്ടിപ്പുകള്‍ക്കെതിരെയും പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടുകയും തുടര്‍ന്ന് പലവിധത്തിലുള്ള നടപടികള്‍ കേരള സര്‍ക്കാരും നോര്‍ക്കയുമൊക്കെ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനായി പ്രത്യേക ടാസ്‌ക്ഫോഴ്‌സും കേരളത്തില്‍ രൂപീകരിച്ചിരുന്നു.
എങ്കിലും കുടിയേറ്റം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ശക്തമായ നിയമ നിര്‍മാണമാണ് യഥാര്‍ത്ഥ പരിഹാരം എന്ന ആവശ്യം പരിഗണിച്ചുകൊണ്ട് പുതിയ കുടിയേറ്റ കരട് ബില്ല് കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. കരട് ബില്ലിലും ഒരുപാടു മാറ്റങ്ങള്‍ ആവശ്യമാണെന്നും അവ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ കുടിയേറ്റ ബില്ലില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി കേന്ദ്ര സര്‍ക്കാറിന് കൈമാറുമെന്ന് പ്രവാസി ലീഗല്‍ ഗ്ലോബല്‍ വക്താവും ബഹ്‌റൈന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു.
പ്രവാസി ലീഗല്‍ സെല്‍ വിവിധ രാജ്യങ്ങളിലുള്ള ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ മറ്റു പ്രവാസ സംഘടനകളുടെയും എംബസികളുടെയും സഹകരണത്തോടെ പുതിയ കുടിയേറ്റ ബില്ലില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടു സമയബന്ധിതമായി അവ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും ദുബൈ ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ടിഎന്‍ കൃഷ്ണകുമാര്‍, അബുദാബി ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ഡോ. ജെയ്പാല്‍ ചന്ദ്രസേനന്‍, ഷാര്‍ജ-അജ്മാന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യുകെ ചാപ്റ്റര്‍ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈറ്റ് ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ്, ഒമാന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷ അഡ്വ. ജെസ്സി ജോസ്, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ആര്‍ മുരളീധരന്‍, സൗദി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.