മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന, ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണ്‍ സിഞ്ചിലെ അല്‍ അഹ്ലി ക്ലബ്ബില്‍ നടക്കും. ബിഎംസിയുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ ജോണ്‍സ് എഞ്ചിനീയറിംഗ് ആണ്.
ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകളാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് മീറ്റില്‍ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. എച്ച്പിഎല്‍ കണ്‍വീനര്‍ അന്‍സാര്‍ മുഹമ്മദ്, ചീഫ് കോര്‍ഡിനേറ്റര്‍ സിബിന്‍ സലിം എന്നിവര്‍ മത്സരത്തിന്റെ ഘടനയും നിയമവശങ്ങളും വിവരിച്ചു. കമ്മറ്റി അംഗം മനോജ് സാമ്പന്‍ നന്ദി പറഞ്ഞു.
കോട്ടയം പ്രവാസി ഫോറം, ബഹ്റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, വോയ്സ് ഓഫ് ആലപ്പി, കൊല്ലം പ്രവാസി അസോസിയേഷന്‍, വോയ്സ് ഓഫ് മാമ്പ-കണ്ണൂര്‍, ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം, ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം, ബഹ്റൈന്‍-കോഴിക്കോട്, തലശേരി ബഹ്റൈന്‍ കൂട്ടായ്മ, ബഹ്റൈന്‍ മാട്ടൂര്‍ അസോസിയേഷന്‍, ബഹ്റൈന്‍ നവകേരള, കെഎംസിസി ബഹ്റൈന്‍-ഇസ ടൗണ്‍, വിശ്വകല സാംസ്‌കാരിക വേദി എന്നിങ്ങനെ ബഹ്റൈനിലെ പ്രമുഖ 12 അസോസിയേഷനുകളാണ് ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ മത്സരിക്കുന്നത്.
ചായക്കട റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് മീറ്റില്‍ അസോസിയേഷന്‍ ഭാരവാഹികളും, ടീം ക്യാപ്റ്റന്മാരും എച്ച്പിഎല്ലിന്റെ വിജയത്തിനായി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ബ്രോസ് ആന്‍ഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീമിന്റെയും ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.