മനാമ: ‘സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ മനാമ ഏരിയ മര്‍ക്കസ് ഇര്‍ശാദുല്‍ മുസ്ലിമീന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നര മാസമായി നടന്നു വരുന്ന മീലാദ് ക്യാമ്പയിന്‍ 2025, ഇലല്‍ ഹബീബ്- റബീഅ് ഫെസ്റ്റ് 2025 എന്നിവ സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ മനാമ പാകിസ്ഥാന്‍ ക്ലബ്ബ് ഗ്രൗണ്ടിലെ പ്രൗഢമായ സദസ്സിലായിരുന്നു സമാപന പരിപാടി.
നബിദിന റാലിക്ക് ശേഷം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫക്‌റുദ്ധീന്‍ പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി സംഗമത്തിന് തുടക്കം കുറിച്ചു. രാത്രി 8 മണിക്ക് നടന്ന പൊതുസമ്മേളനത്തില്‍ ഫക്‌റുദ്ധീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുകയും ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ കറാത്ത ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ മുഹമ്മദ് ഹുസൈന്‍ ജനാഹി, ക്യാപിറ്റല്‍ കമ്മ്യൂണിറ്റി സെന്റര്‍ അഡൈ്വസറി കമ്മറ്റി മെമ്പര്‍മാരായ താരീഖ് ഫഹദ് അല്‍ വത്തന്‍, ജാസിം സപ്ത്, അഹ്‌മദ് ഇബ്രാഹിം അല്‍ ശൈഖ്, ഉസാമ ഇസ്മാഈല്‍ നുഹാം തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും, ബഹ്‌റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
2026 ഫെബ്രുവരിയില്‍ കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചരണ സംഗമ വേദി കൂടെയായി മാറി സമാപന സംഗമം. നൂറാം വാര്‍ഷിക സമ്മേളന പ്രതിനിധി സംഗമത്തിലെ 33313 പ്രതിനിധികളുടെ ബഹ്‌റൈന്‍ തല രജിസ്‌ട്രേഷന്‍ സിറാജ് പുളിയാവ് സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞഹമ്മദ് ഹാജിക്ക് കൈമാറി തുടക്കം കുറിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2025 പൊതുപരീക്ഷയില്‍ ബഹ്‌റൈന്‍ റെയിഞ്ചില്‍ ടോപ്പ് പ്ലസ് നേടിയ റിസ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിക്ക് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചു. പ്രവാചക പ്രകീര്‍ത്തന സദസ്സ്, ദഫ് പ്രദര്‍ശനം, ബുര്‍ദ മജ്‌ലിസ്, ഫ്‌ളവര്‍ ഷോ, സ്‌കൗട്ട് പ്രദര്‍ശനം, പൊതു പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, റബീഅ് ഫെസ്റ്റ് 2025 വിജയികള്‍ക്കുള്ള സമ്മാന ദാനം തുടങ്ങിയ വിവിധ പരിപാടികള്‍ സമാപന സംഗമത്തിന്റെ ഭാഗമായി നടന്നു.