മനാമ: ഏട്ട് ടീമുകള്‍ പങ്കെടുത്ത ട്രൈറ്റന്‍സ് ഇലവന്‍ സിസി ഫ്രണ്ട്ലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രൈറ്റന്‍സ് ഇലവന്‍ ജേതാക്കളായി. ബഹ്‌റൈന്‍ സീഫ് മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലില്‍ ഫാബ് സിസിയെയാണ് പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രൈറ്റന്‍സ് ഇലവന്‍, ക്യാപ്റ്റന്‍ വിജേഷിന്റെ (58 റണ്‍സ് 33 പന്തില്‍) നേതൃത്വത്തില്‍ നിശ്ചിത 12 ഓവറില്‍ 136 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാബ് സിസിയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ട്രൈറ്റന്‍സ് ഇലവന്റെ വിജേഷ് ആണ് മാന്‍ ഓഫ് ദി മാച്ച്.
ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ഹരിന്‍ (തമിഴ് വിങ്സ്), മികച്ച ബോളര്‍ അഭിമന്യു (ടീം യുസിടി), ടൂര്‍ണമെന്റിലെ മികച്ച ഫില്‍ഡര്‍ ജിനേഷ് ഗോപിനാഥ് (ട്രൈറ്റന്‍സ് ഇലവന്‍) എന്നിവരാണ്.
വിജയികള്‍ക്ക് ടീം സ്‌പോണ്‍സര്‍ സുനുകുരുവിളയും (ഗ്രെയ്സ് ടെക് ഇലെക്ട്രിക്കല്‍ കോണ്‍ട്രാക്റ്റിംഗ്) മറ്റു ടീം അംഗങ്ങളും ചേര്‍ന്ന് ട്രോഫികള്‍ കൈമാറി. നിമല്‍, വിബിന്‍ എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.