മനാമ: ഇന്ത്യന്‍ ക്ലബ് ആവണി ‘ഓണം ഫിയസ്റ്റ 2025’ ന് ഓണസദ്യയോടെ സമാപനം. ഒക്ടോബര്‍ 10 ന് നടന്ന ഓണസദ്യ വിരുന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. 3500 ല്‍ അധികം ആളുകള്‍ ഓണസദ്യയില്‍ പങ്കെടുത്തു. സദ്യക്ക് മുന്നോടിയായി വിനോദ പരിപാടികളും അരങ്ങേറി.
ഇത്തവണയും ജയന്‍ സുകുമാരപിള്ളയും സംഘവുമാണ് സ്വാദിഷ്ടമായ സദ്യ ഒരുക്കിയത്. രാവിലെ 11.45 മുതല്‍ ഓണസദ്യ അവസാനിക്കുന്നതുവരെ ടീം ആരവം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് വേദി സജീവമാക്കി. സെപ്റ്റംബര്‍ 18 നാണ് മൂന്നാഴ്ച നീണ്ടുനിന്ന ഓണാഘോഷം ഇന്ത്യന്‍ ക്ലബ് തുടങ്ങിയത്.
ജോസഫ് ജോയ് (പ്രസിഡന്റ്) അനില്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഓണാഘോഷ കണ്‍വീനര്‍ സാനി പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. സമാപന ദിവസം ഇന്ത്യന്‍ ക്ലബ്ബിന്റെ അംഗങ്ങളുടെ പേരില്‍ പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും എല്ലാ സ്‌പോണ്‍സര്‍മാരോടും നന്ദി രേഖപ്പെടുത്തി.