മനാമ: ഡെലിവറി മോട്ടോര്‍ബൈക്കുകള്‍ക്കുള്ള പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. വര്‍ദ്ധിച്ചുവരുന്ന മരണങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് എംപിമാരുടെ ഈ ആവശ്യം.
എംപിമാരായ മുഹമ്മദ് ജനാഹി, മുഹമ്മദ് അല്‍ മാരിഫി, അബ്ദുല്‍നബി സല്‍മാന്‍, ഇമാന്‍ ഷുവൈത്തര്‍, ഹെഷാം അല്‍ ആഷിരി എന്നിവരാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്. പൂര്‍ണ്ണമായ ഒരു നിയമ ചട്ടക്കൂട് നിലവില്‍ വരുന്നതുവരെ പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിര്‍ദേശം എംപിമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഡെലിവറി ബൈക്കുകളുടെ എണ്ണം വര്‍ദ്ധിച്ചത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ പരിശീലനവും മോശം സുരക്ഷാ കിറ്റും സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സാങ്കേതിക, പ്രൊഫഷണല്‍, റോഡ് നിയമങ്ങള്‍ സ്ഥാപിക്കുന്നതുവരെ ലൈസന്‍സുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും എംപിമാര്‍ പറഞ്ഞു.