മനാമ: എട്ട് വര്‍ഷത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തുന്നത്. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനമാണിത്. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമവും തീരുമാനിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കെ മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പക്കാത്തത്തില്‍ പ്രതിഷേധിച്ച് ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകള്‍ പരിപാടി ബഹിഷ്‌കരിക്കും.
ഉന്നതതല ചര്‍ച്ചകള്‍ ഉണ്ടായിരുന്നതിനാല്‍ കേരളത്തിലെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്ന് പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി വേദികളില്‍ പ്രവാസികള്‍ക്കായി നിരവധി വാഗ്ദാനങ്ങളും നല്‍കുകയുണ്ടായി. ബഹ്റൈനില്‍ കേരള പബ്ലിക് സ്‌കൂള്‍, എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കും, കേരളത്തില്‍ ബഹ്റൈന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കും, കേരളത്തില്‍ ബഹ്റൈനികള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സാ സൗകര്യമ മൊരുക്കും, ബഹ്റൈനില്‍ കേരള ക്ലിനിക് സ്ഥാപിക്കും, ബഹ്റൈന്‍ നിയമ സഹായ സെല്‍ സ്ഥാപിക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങള്‍.
ബഹ്റൈനിലെ കേരളീയര്‍ക്കായി വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നതിനും ആരോഗ്യ പദ്ധതികള്‍ രൂപീകരിക്കുന്നതിനുമുള്ള സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ബഹ്റൈന്‍ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി ഇവയില്‍ ഒന്നുപോലു നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.
കൂടാതെ ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം, പ്രായമായ പ്രവാസികള്‍ക്ക് പ്രത്യേക പെന്‍ഷന്‍, പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍, വാടക കുറഞ്ഞ താമസ സൗകര്യം, പ്രവാസികള്‍ക്ക് മാത്രമായി പാര്‍പ്പിട പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളും മുഖ്യമന്ത്രി നല്‍കിയിരുന്നു. പ്രവാസികളോടുള്ള കരുതല്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കുന്നുവെന്നാണ് പ്രവാസികള്‍ തന്നെ പറയുന്നത്. പ്രവാസികളെ പൂര്‍ണമായും നിരാകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത് എന്നും ആക്ഷേപമുണ്ട്.
അതേസമയം, ബഹ്‌റൈനിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറില്‍ സന്ദര്‍ശനം നടത്തും. കുവൈത്തില്‍ അടുത്ത മാസം 7നും യുഎഇയില്‍ 9നും സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി എത്തും.