മനാമ: ബഹ്റൈനില്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വനിത ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ലൈസന്‍സില്ലാതെ അനധികൃതമായാണ് ഇവര്‍ വാഹനം ഓടിച്ചിരുന്നത്.
തന്റെ അശ്രദ്ധമൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് യുവതി സമ്മതിച്ചു. തനിക്ക് പെര്‍മിറ്റ് ഇല്ലെന്നും കുട്ടികളെയും വിദ്യാര്‍ത്ഥികളെയും നഴ്സറികളിലേക്കും സ്‌കൂളുകളിലേക്കും കൊണ്ടുപോകുന്നുണ്ടെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ഡെമിസ്താനിലെ കിന്റര്‍ഗാര്‍ട്ടനിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ ഉറങ്ങിപ്പോയ ഹസന്‍ അല്‍ മഹാരി എന്ന കുട്ടിയാണ് മരിച്ചത്. ഡ്രൈവര്‍ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം പൂട്ടി പോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ അന്വേഷിക്കുന്നത്.
തുടര്‍ന്ന് അബോധാവസ്ഥയില്‍ കുട്ടിയെ വാഹനത്തില്‍ നിന്നും കണ്ടെത്തി. കനത്ത ചൂട് കാരണം കുട്ടി മരണപ്പെടുകയായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിച്ചു. നോര്‍ത്തേണ്‍ ഹമദ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
യുവതിയുടെ ചോദ്യം ചെയ്യലിന് ശേഷം ഹസന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. കുട്ടിയുടെ ഖബറടക്കം ചൊവ്വാഴ്ച ബാര്‍ബാറില്‍ നടന്നു.