കേരളത്തിന് അഭിവൃദ്ധി ഉണ്ടാക്കിയത് പ്രവാസ ജീവിതം; മുഖ്യമന്ത്രി ബഹ്‌റൈനില്‍

New Project - 2025-10-18T123353.535

മനാമ: മലയാളത്തെയും കേരളീയ സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സംഭാവനകളാല്‍ ബഹ്റൈന്‍ പ്രവാസികള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രവാസി സംഘടനകള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് സര്‍ക്കാരിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രഥമ പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2026 ആകുമ്പോഴേക്കും കെ ഡിസ്‌ക് സഹായത്തോടെ രണ്ട് ലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവാസി സംരഭകര്‍ സഹകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാട് ഇന്ന് രാജ്യത്തെ ഏറ്റവും വികസനം പുലര്‍ത്തുന്ന നാടായി മാറ്റിയെടുക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിന് വലിയ തോതില്‍ അഭിവൃദ്ധി ഉണ്ടാക്കിയത് ഭൂപരിഷ്‌കരണവും പ്രവാസ ജീവിതവുമാണ്. അതില്‍ തന്നെ വലിയതോതിലുള്ള ഗള്‍ഫ് കുടിയേറ്റവും അതിന്റെ ഭാഗമായുണ്ടായ സാമ്പത്തിക മുന്നേറ്റവും കേരളത്തെ മാറ്റി തീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഘടകങ്ങളാണ്.’, മുഖ്യമന്ത്രി പറഞ്ഞു.

‘സംസ്ഥാന രൂപീകരണശേഷം അധികാരമേറിയ ഇഎംഎസ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണത്തിന് തുടക്കമിട്ടത്. ആ ഗവണ്‍മെന്റാണ് അധികാരത്തിലേറി നാലുദിവസം കഴിഞ്ഞപ്പോള്‍ കുടിയിറക്കല്‍ നിരോധിത ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജനങ്ങളെ ശത്രുക്കളായി കാണുന്ന ബ്രിട്ടീഷ് പൊലിസ് സംവിധാനത്തിന് രാജ്യത്താദ്യമായ മാറ്റം കൊണ്ടുവന്നതും ഇഎംഎസ് സര്‍ക്കാരാണ്. സാര്‍വത്രിക വിദ്യാഭ്യാസത്തിന് അനുഗുണമായ വിദ്യാഭ്യാസ നടപടികളും ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്നു.

വിദ്യാഭ്യാസ രംഗത്ത് മാറ്റവും മുന്നേറ്റവും നമ്മുടെ നാടിനെ വലിയതോതില്‍ പുരോഗതിയിലേക്ക് നയിച്ചു. ആ പുരോഗതിയുടെ ഒരു ഘടകം നമ്മുടെ പ്രവാസ ജീവിതത്തിലും കാണാം. പ്രവാസ ജീവിതത്തില്‍ കാലാനൃസൃതമായ മാറ്റങ്ങള്‍ വന്നതായി കാണാന്‍ കഴിയും. അത് വിദ്യാഭ്യാസം നേടിയ പുതിയ തമലമുറ പ്രവാസ ജീവിതത്തിലേക്ക് കടന്നുവന്നു എന്നതാണ്. അങ്ങിനെ നാടിന് വലിയ മാറ്റംവന്നു. അതിന്റെ ഭാഗമായാണ് രാജ്യവും ലോകവും നമുക്ക് കേരള മോഡല്‍ എന്ന പേരുതന്നെ സമ്മാനിച്ചത്.’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വന്‍ വികസനം കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ അദ്ദേഹം നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തമാക്കി. 20116-2021 ഘട്ടത്തില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ തുടര്‍ ഭരണത്തിലൂടെ സാധിച്ചു. തുടര്‍ഭരണത്തിന്റെ പ്രത്യേകത നേടിയ പുരോഗതി സംരക്ഷിക്കാനായി എന്നതും കൂടുതല്‍ വികസനത്തിലേക്ക് പോകാന്‍ കഴിഞ്ഞു എന്നതുമാണ്. ഈ പ്രത്യേകത ഉള്‍ക്കൊള്ളമെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയും മലയാളം മിഷനും ബഹ്റൈന്‍ കേരളീയ സമാജവും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, സാംസ്‌കാരിക, ഫിഷറീസ്, മന്ത്രി സജി ചെറിയാന്‍, പ്രവാസി വ്യവസായി എംഎ യൂസഫ് അലി, ചീഫ് സെക്രട്ടറി എ ജയാതിലക് എന്നിവര്‍ വിശിഷ്ടാതിഥികളായി. സ്വാഗതസംഘം ചെയര്‍മാനും സമാജം പ്രസിഡന്റുമായ രാധാകൃഷ്ണപിള്ള അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത് സ്വാഗതവും സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ നന്ദിയും പറഞ്ഞു.

ഫോട്ടോഗ്രാഫ് കടപ്പാട്: സത്യന്‍ പേരാമ്പ്ര

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!