മനാമ: ജിസിസി രാജ്യങ്ങളില്‍ കേരള സംസ്ഥാന സിലബസ് സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ബഹ്‌റൈന്‍ സന്ദര്‍ശത്തിനിടെയാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചത്.
നിലവില്‍ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ കാലയളവില്‍ പ്രവാസലോകത്തേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായകമാവുന്നതാവും ഇത്.
പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന കുടുംബങ്ങള്‍ക്ക് കേരള സിലബസില്‍ തന്നെ പഠനം തുടരാനും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്താനും ഇത് ഉപകരിക്കും. മറ്റു സിലബസുകളില്‍ പഠനം നടത്തുന്നത് ഈ തുടര്‍ച്ചക്ക് വെല്ലിവിളി സൃഷ്ടിക്കുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലോ അനുബന്ധ സ്ഥാപനങ്ങള്‍ വഴിയോ ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് സാമ്പത്തിമായി താങ്ങാനാവുന്നതും സാംസ്‌കാരിക പ്രസക്തവുമായ വിദ്യാഭ്യാസം നല്‍കാനും, പ്രവാസികളും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാന സിലബസ് അന്താരാഷ്ട്ര തലത്തില്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ഐസിഎഫ് അഭിപ്രായപ്പെട്ടു.
ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായും ചര്‍ച്ചകള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈ എടുക്കണമെന്ന് ഐസിഎഫ് ഇന്റര്‍നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. സാധ്യമായ സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും സമൂഹത്തിന്റെ പിന്തുണ നേടുന്നതിനും, പ്രാദേശിക പങ്കാളിത്തം സുഗമമാക്കുന്നതിനും ഐസിഎഫ് സഹരിക്കുമെന്നും നിവേദനത്തില്‍ അറിയിച്ചു.
പ്രവാസി മലയാളി സംഗമത്തില്‍ ഐസിഎഫിനെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം, ബഹ്റൈന്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.