മനാമ: ശമ്പളത്തോടെയുള്ള പ്രസവാവധി 60 ദിവസത്തില്‍ നിന്ന് 70 ദിവസമായി വര്‍ദ്ധിപ്പിക്കാനും, 15 ദിവസത്തെ ശമ്പളമില്ലാത്ത അവധി നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള കരട് നിയമത്തില്‍ പുനരാലോചന വേണമെന്ന് ബഹ്റൈന്‍ സര്‍ക്കാര്‍. പാര്‍ലമെന്റിലേക്ക് അയച്ച മെമ്മോയില്‍ 2012ലെ സ്വകാര്യമേഖലയിലെ തൊഴില്‍ നിയമത്തില്‍ നിര്‍ദിഷ്ട ഭേദഗതി വരുത്തുന്നതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു.
സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമായി തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴിലുടമകളുടെ താല്‍പ്പര്യങ്ങള്‍ എന്നിവ ബാലന്‍സ് ചെയ്യേണ്ടതുണ്ടെന്ന് മെമ്മോയില്‍ പറയുന്നു. നിര്‍ദേശിച്ചിട്ടുള്ള പ്രസവാവധി സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അധിക ചെലവുകള്‍ വരുത്തുമെന്നും മെമ്മോയില്‍ പറയുന്നു.
പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ ആനുകൂല്യങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളെയും ഈ മാറ്റം തടസ്സപ്പെടുത്തും. നിലവില്‍ രണ്ട് മേഖലകളും 60 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധിയാണ് നല്‍കുന്നത്.
ഇത്തരം അസമത്വം സൃഷ്ടിക്കുന്നത് തൊഴില്‍ തടസ്സപ്പെടുത്താനും, ജോലിസ്ഥലത്തെ തുല്യതയെ ദുര്‍ബലപ്പെടുത്താനും, സ്വകാര്യമേഖലയില്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കാനും കാരണമാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അധിക ചെലവുകളും പ്രവര്‍ത്തന വെല്ലുവിളികളും കണക്കിലെടുത്ത് ചില തൊഴിലുടമകള്‍ വനിത ജീവനക്കാരെ നിയമിക്കുന്നത് ഒഴിവാക്കിയേക്കാമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കി.