മനാമ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും അപാകതകളും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ പ്രവാസികള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കണം. അധികാരത്തിലേറി നാലരവര്‍ഷമായിട്ടും നടപ്പാക്കാത്ത പ്രവാസി പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പല സുപ്രധാന കാര്യങ്ങളിലും വ്യക്തത ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് നിഷേധിക്കാനാവില്ല.
അനാരോഗ്യംമൂലവും തൊഴില്‍ നഷ്ടം മൂലവും പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ 14 ലക്ഷത്തോളം പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കാത്തത് പതിറ്റാണ്ടുകള്‍ വിദേശങ്ങളില്‍ ജോലിചെയ്ത് രാജ്യത്തിന് വിദേശനാണ്യം നേടിത്തന്ന് നാടിന്റെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായി നിന്ന പ്രവാസി സമൂഹത്തോടുള്ള നീതീകരിക്കാനാകാത്ത നന്ദികേടായി മാത്രമേ കാണാന്‍ കഴിയൂ. പ്രവാസികളുടെ മാതാപിതാക്കളെ നോര്‍ക്ക ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതും കടുത്ത വിവേചനമാണ്.
നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും നോര്‍ക്ക ഇന്‍ഷുറന്‍സിന്റെ ഗുണഭോക്താക്കള്‍ ആകാന്‍ കഴിയുന്ന രീതിയില്‍ നോര്‍ക്ക കാര്‍ഡും ഇന്‍ഷുറന്‍സും വികസിപ്പിക്കണം എന്നും പ്രവാസി വെല്‍ഫെയര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിലെ ആശുപത്രികള്‍ ഇന്‍ഷുറന്‍സ് ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് വിദേശത്ത് ചികിത്സ തേടേണ്ടി വന്നാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല എന്നതും കുടുംബസമേതം വിദേശത്ത് താമസിക്കുന്നവര്‍ക്ക് നിലവിലെ വ്യവസ്ഥകള്‍ കാര്യമായി പ്രയോജനപ്പെടുന്നില്ല എന്നതും ഇതിന്റെ മറ്റു പോരായ്മകളാണ്. പെന്‍ഷന്‍ പദ്ധതിയുമായി ടൈ അപ്പ് ചെയ്തിട്ടുള്ള കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഈ മേഖലയില്‍ വലിയ ട്രാക്ക് റെക്കോര്‍ഡ് ഇല്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ രൂപത്തില്‍ പദ്ധതി പ്രവാസികള്‍ക്ക് വേണ്ടത്ര ഗുണകരമാവില്ല.
വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ കേവല വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പ്രവാസികളെ തൃപ്തിപ്പെടുത്താന്‍ കാലങ്ങളായി നടത്തുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കണം. പ്രവാസികളെ കേവല കറവപ്പശുക്കളായി കാണുന്ന സമീപനം അവസാനിപ്പിച്ച് അവരുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതിയെ കൂടുതല്‍ പ്രവാസി സൗഹൃദപരമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.