മനാമ: രാജ്യത്തിന്റെ ഗവര്‍ണറേറ്റുകളിലുടനീളം തപാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതും ലക്ഷ്യമിട്ട് ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ തപാല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഹൈദാനാണ് ഇക്കാര്യം അറിയിച്ചത്.
തപാല്‍ ഓഫിസുകള്‍ സന്ദര്‍ശിക്കാതെതന്നെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും സജ്ജീകരിച്ച വാഹനങ്ങളാണ് തപാല്‍ സേവനങ്ങള്‍ എത്തിക്കുക.
ശനി മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ സേവനം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വെച്ച് തപാല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 80001100 എന്ന നമ്പറില്‍ കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്റര്‍ വഴിയോ, enquiry@mtt.gov.bh എന്ന ഇമെയില്‍ വഴിയോ, www.bahrainpost.gov.bh എന്ന വെബസൈറ്റ് വഴിയോ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. 17341022 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം.
മൊബൈല്‍ തപാല്‍ സേവനം ആവശ്യമുള്ള ഉപഭോക്താക്കള്‍ കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും അപ്പോയന്റ്മെന്റ് ബുക്ക് ചെയ്യണം. അപ്പോയന്റ്മെന്റ് ബുക്ക് ചെയ്താല്‍, ബഹ്റൈന്‍ പോസ്റ്റ് ടീമില്‍ നിന്നും ഒരു ഫോളോ-അപ് കാള്‍ വഴി സ്ഥിരീകരണം നല്‍കും.