മനാമ: ഔദ്യോഗിക സ്ഥാപനങ്ങളുടെതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൗരന്മാരെയും താമസക്കാരെയും ലക്ഷ്യം വച്ചുള്ള ടെക്സ്റ്റ് മെസേജ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഔദ്യോഗിക വെബ്സൈറ്റുകളുമായി സാമ്യമുള്ള വ്യാജ ലിങ്കുകള്‍ സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്.
ഫീസ് അടയ്ക്കുന്നതിനോ, വ്യക്തിഗത വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടോ ഉള്ള സന്ദേശങ്ങളാണ് ഇത്തരത്തില്‍ അയക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു.
ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരുമായി ആശയവിനിമയം നടത്തരുതെന്നും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരിക്കലും ടെക്സ്റ്റ് മെസേജുകള്‍ വഴി വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം അറിയിച്ചു.