മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ജന്മദിനം ആഘോഷിച്ച് ബഹ്റൈന്‍. ജന്മദിനം ആഘോഷിക്കുന്ന കിരീടാവകാശിക്ക് രാജ്യം ആശംസകള്‍ നേര്‍ന്നു.
1969 ഒക്ടോബര്‍ 21 ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും രാജകുമാരി സാബിക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെയും മൂത്ത മകനായാണ് കിരീടാവകാശിയുടെ ജനനം. 1999 ല്‍ കിരീടാവകാശിയായി സത്യപ്രതിജ്ഞ ചെയ്തു.
ബഹ്റൈനില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ പ്രിന്‍സ് സല്‍മാന്‍, 1992 ല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും, 1994 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും നേടി. 2011 ല്‍ അദ്ദേഹം റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സില്‍ നിന്നും ബിരുദം നേടി.
2002ല്‍ ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിതനായ അദ്ദേഹം ബഹ്റൈന്റെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന്റെ ചുമതല വഹിച്ചു. 2013 മാര്‍ച്ചില്‍ ഹമദ് രാജാവ് പ്രിന്‍സ് സല്‍മാനെ ഒന്നാം ഉപപ്രധാനമന്ത്രിയായി നിയമിച്ചു. 2020 നവംബര്‍ 11 ന് അദ്ദേഹം ബഹ്റൈന്‍ പ്രധാനമന്ത്രിയായി നിയമിതനായി.