മനാമ: പതാക ഉയര്‍ത്തല്‍ ചടങ്ങോടെ മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്‌റൈനില്‍ തുടക്കം കുറിച്ചു. എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ പങ്കെടുത്തു.
ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുള്‍റഹ്‌മാന്‍ സാദിഖ് അസ്‌കര്‍, ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യൂസിഫ് ദുഐജ് എന്നിവരുള്‍പ്പെടെ പ്രധാന വ്യക്തികള്‍ പങ്കെടുത്തു. നാളെയാണ് യൂത്ത് ഗെയിംസിന് ഔദ്യോഗികമയി തുടക്കമാവുക.
ബഹ്റൈന്‍ നാഷണല്‍ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. ഈ മാസം 31 വരെ ഉമ്മുല്‍ ഹസ്സം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ഈസ സ്‌പോര്‍ട്‌സ് സിറ്റി, എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ തുടങ്ങിയ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ യൂത്ത് ഗെയിംസ് പുനരാരംഭിച്ചത്.