മനാമ: രാജ്യത്ത് പടര്‍ന്നുപിടിച്ച മാരകമായ ഫ്ലൂ വൈറസിനെതിരെ മുന്നറിയിപ്പ്. സീസണല്‍ ഫ്ലൂനെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വാക്സിന്‍ എടുക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും പെട്ടെന്ന് രോഗം ബാധിക്കുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തൊണ്ടവേദന, മൂക്കൊലിപ്പ്, ഉയര്‍ന്നതോതില്‍ പനി എന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞുവിടരുതെന്നും, മറ്റുള്ളവര്‍ക്ക് ബാധിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കാനും, ശരിയായ രോഗശാന്തിക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും വിദ്യാഭ്യാസ വിദഗ്ധര്‍ മാതാപിതാക്കളോട് നിര്‍ദേശിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ തന്റെ ക്ലിനിക്കിലെത്തിയ 50 ശതമാനം രോഗികള്‍ക്കും ഇന്‍ഫ്ലൂവന്‍സ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ മുഹമ്മദ് എല്‍ബെല്‍താഗി പറഞ്ഞു.
തുടര്‍ച്ചയായ ഉയര്‍ന്ന പനി, വേഗത്തിലുള്ളതോ ബുദ്ധിമുട്ടുള്ളതോ ആയ ശ്വസനം, നെഞ്ചുവേദന, കഠിനമായ ചുമ, അലസത, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് പെട്ടെന്ന് തന്നെ വൈദ്യസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.