മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് രാജാവിന്റെ മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും ഗെയിംസിന്റെ ഡെപ്യൂട്ടി രക്ഷാധികാരിയുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. 45 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്‍ പങ്കെടുക്കുന്ന കായികമേള ഈ മാസം 31ന് അവസാനിക്കും.
ദേശീയഗാനത്തിന്റെ അകമ്പടിയോടെ ബഹ്റൈന്‍ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു. ഗെയിംസില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ അത്ലറ്റിക് ടീമുകള്‍ അണിനിരന്ന പരേഡ് ചടങ്ങിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം അബ്ദുല്ല ജമാല്‍ അഹമ്മദും ട്രയാത്ത്ലറ്റ് ലുല്‍വ താരിഖ് അല്‍ ദോസരിയുമാണ് രാജ്യത്തിന്റെ പതാകയേന്തിയത്. ഗവര്‍ണറേറ്റുകളിലൂടെ കൊണ്ടുവന്ന ഒളിമ്പിക് ദീപശിഖ മുന്‍ ഒളിമ്പിക് അത്ലറ്റിക്‌സ് ചാമ്പ്യന്‍ റുഖയ്യ അല്‍ ഗാസ്ര കത്തിച്ചു.
ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനും യുവജന, കായിക സുപ്രീം കൗണ്‍സില്‍ ഒന്നാം വൈസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റ് തിമോത്തി ഫോക് സുന്‍ ടിങ്, ഒസിഎ ഭാരവാഹികള്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ വികസനത്തിന്റെ അടിത്തറ യുവജനങ്ങളാണെന്ന് വിശ്വസിക്കുന്ന ഹമദ് രാജാവിന്റെ ദീര്‍ഘവീക്ഷണവും പിന്തുണയുമാണ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ തീരുമാനമെന്ന് ശൈഖ് നാസര്‍ പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കായികരംഗത്തെ പിന്തുണയ്ക്കും ശൈഖ് നാസര്‍ നന്ദി അറിയിച്ചു.