മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ചൈന മുന്നില്‍. ചൈനക്ക് പുറമേ തായ്ലന്‍ഡ്, മലേഷ്യ, ഇറാഖ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളെല്ലാം മികവുപുലര്‍ത്തി.
ടേബിള്‍ ടെന്നീസില്‍ തായ്ലന്‍ഡിന്റെ ആധിപത്യമാണ്. സിംഗിള്‍സിലും ഡബിള്‍സിലുമായി തായ്ലന്‍ഡ് നിരവധി സ്വര്‍ണ മെഡലുകള്‍ നേടി. പെണ്‍കുട്ടികളുടെ സിംഗിള്‍സ് ഫൈനലില്‍, നൊപ്പാസോണ്‍ ജെയ്കം ചൈനയുടെ ജിയാങ് സിന്‍യാനെ 20ന് പരാജയപ്പെടുത്തി സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ സൈഫ സഹ്രോട്ടസ് വെങ്കലം നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തായ്ലന്‍ഡിന്റെ തമ്മാനുന്‍ ചൊക്കിട്ടികുള്‍ ഇറാഖിന്റെ നൂറുല്‍ദീന്‍ ഖമ്മാസിനെ 20ന് പരാജയപ്പെടുത്തി സ്വര്‍ണം നേടി. കുവൈത്തിന്റെ നാസര്‍ അല്‍സാഖര്‍ വെങ്കലം നേടി. പെണ്‍കുട്ടികളുടെ ഡബിള്‍സ് ഫൈനല്‍ മത്സരത്തില്‍ തായ്ലന്‍ഡിന്റെ ഫട്രാവാന്‍ സിമാവോങ്ങും ചിരച്ചായഫോന്‍ കെന്‍ഖുന്തോഡും ചൈനയുടെ ജിയാങ് സിന്‍യാന്‍, ചെന്‍ ജിയായി എന്നിവരെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. ഫിലിപ്പീന്‍സിന്റെ ക്രിസ്റ്റല്‍ കരിനോയും നിക്കോള്‍ തബുകോള്‍ സഖ്യം വെങ്കലം നേടി.
ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഇറാഖിന്റെ അബുല്‍ഫാദല്‍ അല്‍ എലയാവിയും നൂറുല്‍ദീന്‍ ഖമ്മാസും ചേര്‍ന്ന് സ്വര്‍ണം നേടിയപ്പോള്‍, മലേഷ്യ വെങ്കലം നേടി. മിക്‌സഡ് ഡബിള്‍സില്‍ തായ്ലന്‍ഡ് തങ്ങളുടെ ആധിപത്യം തുടര്‍ന്നു. ഇറാഖിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി.
തായ്ലന്‍ഡ് പോയിന്റ് പട്ടികയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, ട്രാക്കിലും ഫീല്‍ഡിലുമുള്ള ആധിപത്യം ചൈനക്ക് തുണയായി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ ഷാങ് കെയ് ഒന്നാമതെത്തി, ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ചൈനയുടെ തന്നെ ഷാ ലിഹുവ വെള്ളി നേടി.
ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ അബൂബക്കര്‍ ഇഡ്രിസ് സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ രഞ്ജന യാദവ് വെള്ളി നേടി. ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.









