മനാമ: ബഹ്‌റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കബഡിയില്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തി ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍. പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഇറാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണമണിഞ്ഞു. 21നെതിരെ 75 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ തങ്ങളുടെ കരുത്ത് കാണിച്ചത്.
ആണ്‍കുട്ടികളുടെ ടീം ഫൈനലില്‍ ഇറാനെ 35-32 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. വാശിയേറിയ പോരാട്ടത്തില്‍ അവസാന മിനിറ്റുകളിലാണ് ഇന്ത്യ ഗെയിം പിടിച്ചെടുത്തത്. ഒരു തോല്‍വി പോലുമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ എത്തിയത്.
ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കബഡി മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത്. റിഫയിലെ ഇസ സ്‌പോര്‍ട്‌സ് സിറ്റി അരീനയിലാണ് മത്സരങ്ങള്‍ നടന്നത്. രണ്ട് സ്വര്‍ണമുള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.









