മനാമ: ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്ന സൈന്‍ ബോര്‍ഡുകള്‍ കിങ് ഫഹദ് കോസ്വേയില്‍ സ്ഥാപിക്കുന്നു. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
സന്ദര്‍ശകര്‍ കൂടുതല്‍ സമയം രാജ്യത്ത് താമസിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളുമായി ആഴത്തില്‍ ഇടപഴകാനും പ്രോത്സാഹിപ്പിക്കുകയാണ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ളത്തീഫ് നേതൃത്വം നല്‍കുന്ന ഈ നിര്‍ദേശത്തിന്റെ ലക്ഷ്യം. അറബിയിലും ഇംഗ്ലീഷിലുമായിരിക്കും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
‘പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ ശരിയായ സൈന്‍ബോര്‍ഡുകള്‍ ഉള്ളൂ. ഗള്‍ഫിലുടനീളമുള്ള ആളുകള്‍ റിഫയിലെ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അഹമ്മദ് അല്‍ ഫത്തേ ഫോര്‍ട്ട്, ജബല്‍ അല്‍ ദുഖാന്‍ പ്രദേശത്തെ ട്രീ ഓഫ് ലൈഫ്, അവാലിയിലെ ആദ്യത്തെ എണ്ണപ്പാടം തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നു.”, അബ്ദുള്ള അബ്ദുള്ളത്തീഫ് പറഞ്ഞു.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേ ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ കര അതിര്‍ത്തികളില്‍ ഒന്നാണ്. സതേണ്‍, നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. റിഫ, സഖീര്‍, അവാളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റൂട്ടുകളിലായിരിക്കും ബോര്‍ഡുകള്‍ സ്ഥാപിക്കുക.









