മനാമ: ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. വനിതകളുടെ 44 കിലോ ഭാരോദ്വഹനത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ പുതിയ ലോക യൂത്ത് റെക്കോഡോടെ പ്രീതി സ്മിത ഭോയ്യാണ് സ്വര്‍ണം സ്വന്തമാക്കിയത്. 16 വയസ്സുള്ള പ്രീതി 44 കിലോയില്‍ തന്നെ സ്‌നാച്ച് വിഭാഗത്തില്‍ വെള്ളിയും നേടി.
ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 92 കിലോ ഭാരം ഉയര്‍ത്തിയാണ് പ്രീതി ഒന്നാമതെത്തിയത്. ഈ വിഭാഗത്തില്‍ ചൈനയുടെ വു ജിഹോങ് (88 കിലോഗ്രാം), ഫിലിപ്പീന്‍സിന്റെ പ്രിന്‍സസ് ജെയ് ആന്‍ ഡയസ് (78 കിലോഗ്രാം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്‌നാച്ച് വിഭാഗത്തില്‍ പ്രീതി 66 കിലോഗ്രാം ഭാരം ഉയര്‍ത്തി വെള്ളി നേടി. ചൈനയുടെ വു ജിഹോങ് 68 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണവും വിയറ്റ്‌നാമിന്റെ ദാവോ തി യെന്‍ 64 കിലോഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 60 കിലോഗ്രാം വിഭാഗത്തില്‍, സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലും ഇന്ത്യയുടെ അറുമുഖപാണ്ഡ്യന്‍ മഹാരാജന്‍ വെള്ളി നേടി. എഡ്വിന ജേസണ്‍, തനു, ഭൂമിക നെഹതെ, ഷൗര്യ അംബുരെ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം പെണ്‍കുട്ടികളുടെ മെഡ്ലി റിലേ ഫൈനലില്‍ 2:09.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ നേടി.









