മനാമ: ബഹ്‌റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ യഷിത സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി. ഫൈനലില്‍ കസാക്കിസ്ഥാന്റെ സായിദര്‍ മുകതിനെ 5-5 ന് പരാജയപ്പെടുത്തിയാണ് യഷിത വിജയിച്ചത്.
അതേസമയം, ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സിന്‍ഡ്രേല ദാസ്-സാദക് ആര്യ സഖ്യം ഇന്ത്യക്കായി വെങ്കലം നേടി. ആണ്‍കുട്ടികളുടെ 66 കിലോഗ്രാം ബോക്‌സിങ്ങില്‍ സെമിഫൈനലില്‍ കസാഖിസ്താന്റെ ഡാനിയാല്‍ ഷാല്‍ക്കര്‍ബായിയോട് 5-0ന് തോറ്റ് അനന്ത് ദേശ്മുഖ് വെങ്കലം നേടി. ആറ് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ നിലവില്‍ ഫൈനലിലെത്തിയിട്ടുണ്ട്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖുഷി ചന്ദ് (46 കിലോഗ്രാം), ചന്ദ്രിക പൂജാരി (54 കിലോഗ്രാം), ഹര്‍ണൂര്‍ കൗര്‍ (66 കിലോഗ്രാം), അന്‍ഷിക (+80 കിലോഗ്രാം), അഹാന ശര്‍മ്മ (50 കിലോഗ്രാം) എന്നിവര്‍ വ്യാഴാഴ്ച റിങ്ങിലിറങ്ങും. പുരുഷ വിഭാഗത്തില്‍ ലഞ്ചെന്‍ബ സിങ് മൊയിബുങ്‌ഖോങ്ബാം (50 കിലോഗ്രാം) മാത്രമാണ് ഫൈനലിലെത്തിയത്.
ചൊവ്വാഴ്ച ലഭിച്ച മൂന്ന് മെഡലുകളോടെ നാല് സ്വര്‍ണം, 10 വെള്ളി, 13 വെങ്കലം ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 27 ആയി. ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ 222 ഇന്ത്യന്‍ അത്ലറ്റുകളാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.









