മനാമ: ബഹ്‌റൈനില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പിനിരയായി തൃശൂര്‍ സ്വദേശി. സൗദി അറേബ്യയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അബ്ദുല്‍ സലിം ആണ് തട്ടിപ്പിനിരയായത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ പുതുതായി തുടങ്ങാന്‍ പോകുന്ന റസ്റ്റോറന്റില്‍ സൂപ്പര്‍വൈസര്‍ ജോലി വാഗ്ദാനം ചെയ്ത് 120000 രൂപയാണ് അബ്ദുല്‍ സലീമില്‍ നിന്നും തട്ടിയെടുത്തത്.
‘വീടിന്റെ അടുത്തുള്ള ഒരാളാണ് വിസ ഉണ്ടെന്ന കാര്യം പറയുന്നത്. നമ്പരും നല്‍കി. ഇന്ത്യന്‍ നമ്പര്‍ ആണ് നല്‍കിയത്. ഈ നമ്പരില്‍ വാട്‌സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. വിസക്കായി ജൂണ്‍ മാസം 50000 രൂപ നല്‍കി. പിന്നീട് ബാക്കിയുള്ള പണവും നല്‍കി.’ അബ്ദുല്‍ സലിം ബഹ്റൈന്‍ വാര്‍ത്തയോട് പറഞ്ഞു.
ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ആണെന്ന് പറഞ്ഞാണ് ഇരിങ്ങാലക്കുട സ്വദേശി അബ്ദുല്‍ സലീമിന്റെ വിശ്വാസം നേടിയെടുത്തത്. ഇത് ഉറപ്പിക്കാന്‍ എല്‍എംആര്‍എ ഡിപാര്‍ട്ട്‌മെന്റിലെതാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പരും നല്‍കിയിരുന്നു.
‘എല്‍എംആര്‍എ ഡിപാര്‍ട്ട്‌മെന്റിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ ആളുമായി സംസാരിച്ചിരുന്നു. ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇതോടെ അയാളെ ഞാന്‍ വിശ്വസിച്ച് പണം നല്‍കി. വിസ, താമസം, ഭക്ഷണം എല്ലാം ഫ്രീയാണ് എന്നാണ് പറഞ്ഞത്. വിസ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ഈ ജോലിക്ക് കയറിയ ഒരു മാസത്തിനകം വിസക്കായി നല്‍കിയ പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞു.’, അബ്ദുല്‍ സലിം ബഹ്റൈന്‍ വാര്‍ത്തയോട് പറഞ്ഞു.
പണം നല്‍കിയശേഷം വിസക്കായി ഇയാളെ ബന്ധപ്പെട്ടപ്പോള്‍ പിന്നീട് നല്‍കാമെന്നാണ് പറഞ്ഞത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറിയാണ് മറുപടിയായി ലഭിച്ചതെന്നും അബ്ദുല്‍ സലിം പറഞ്ഞു.
‘വിസ വേണ്ട, പകരം എന്റെ പണം തിരികെ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ തെറി വിളിക്കുകയാണ് ഉണ്ടായത്. ജോലി വിസയുണ്ടെന്ന് എന്നോട് പറഞ്ഞ ആളുവഴി ഇയാളുടെ വീടിന്റെ അഡ്രസ് സംഘടിപ്പിച്ച് വീട്ടില്‍ അന്വേഷിച്ചുപോയി. വീട്ടുകാര്‍ പറഞ്ഞത് ഇയാള്‍ ബഹ്‌റൈനില്‍ ആണെന്നാണ്.
എന്നെപോലെ നിരവധി ആളുകള്‍ ഇതുപോലെ പറ്റിക്കപ്പെട്ട് ഇയാളുടെ വീട്ടില്‍ അന്വേഷിച്ച് എത്തിയതായി അയല്‍പക്കത്തുള്ളവര്‍ പറഞ്ഞു. ഒന്നരമാസം ആയിട്ടും പണം നല്‍കാതെ ആയതോടെ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’, അബ്ദുല്‍ സലിം കൂട്ടിച്ചേര്‍ത്തു.









