മനാമ: വര്‍ഷാവസാനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബഹ്റൈന്‍. ഇതിനായി സാംസ്‌കാരിക ആഘോഷങ്ങള്‍, സംഗീതകച്ചേരികള്‍, കമ്മ്യൂണിറ്റി പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കലണ്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.
‘ഓരോ നിമിഷവും ജീവിക്കുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘സെലിബ്രേറ്റ് ബഹ്റൈന്‍ 2025’ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ലോകോത്തര വിനോദ അനുഭവങ്ങളും ഉള്‍പ്പെടുന്നതാണ്. നവംബര്‍ 28 ന് പ്രധാന മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
പ്രാദേശിക റീട്ടെയില്‍ സ്ഥാപനങ്ങളെയും തദ്ദേശീയ ബിസിനസുകളെയും പിന്തുണക്കുന്നതിനായി വന്‍ ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ക്ലൂസീവ് പ്രൊമോഷനുകള്‍, സമ്മാന നറുക്കെടുപ്പുകള്‍ എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ടൂറിസം സ്ട്രാറ്റജി 2022-2026ലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഉത്സവമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി പറഞ്ഞു.









