മനാമ: ഡെലിവറി ജീവനക്കാരും കൊറിയര്‍ കമ്പനികളും ഉപഭോക്താക്കളുടെ ഐഡി കാര്‍ഡുകളുടെ ഫോട്ടോ എടുക്കുന്നത് വിലക്കി പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി (പിഡിപിഎ). ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും വ്യക്തികത ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമാണ് ഈ തീരുമാനം.
സര്‍ക്കുലര്‍ അനുസരിച്ച് ഡെലിവറി, കൊറിയര്‍ കമ്പനികള്‍ ഉപഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിക്കുമ്പോള്‍ വ്യക്തിഗത ഫോണുകള്‍ ഉപയോഗിച്ച് ഐഡി കാര്‍ഡുകളുടെ ഫോട്ടോ എടുക്കാന്‍ പാടില്ല. പകരം, ഐഡി കാര്‍ഡ് കാണിച്ചു കൊടുക്കണം.
അതേസമയം, കമ്പനിയുടെ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കളുടെ ഐഡിയുടെ ഒരു പകര്‍പ്പ് സൂക്ഷിക്കേണ്ടതുണ്ടെങ്കില്‍, സെന്‍ട്രല്‍ ഡാറ്റബേസിലേക്ക് നേരിട്ട് വിവരങ്ങള്‍ എത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാം. ഈ ഉപകരണം കമ്പനിയുടെ സുരക്ഷിത സെന്‍ട്രല്‍ ഡാറ്റാബേസുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കണം.
ഡെലിവറി, ലോജിസ്റ്റിക്‌സ് കമ്പനികളിലെ ഡാറ്റ മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും ഈ നടപടികള്‍ നടപ്പാക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അവ പാലിക്കാത്തപക്ഷം പിഴകള്‍ അടക്കേണ്ടി വരുമെന്നും പിഡിപിഎ മുന്നറിയിപ്പ് നല്‍കി.









