മനാമ: പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.
കേരളത്തില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരിടത്ത് നിന്ന് എളുപ്പത്തില്‍ ലഭ്യമാക്കുന്നതില്‍ അക്ഷയ കേന്ദ്രങ്ങള്‍ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങള്‍ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് വലിയ ആശ്വാസമാകും. അവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് ഇത് വഴിയൊരുക്കും.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പ്രവാസി ഹബ്ബുകളില്‍ നോര്‍ക്ക, അക്ഷയ മിഷന്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇത് നടപ്പാക്കാനാവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഐസിഎഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സിറാജ് ചൊവ്വ, ഖത്തര്‍ നാഷണല്‍ ഭാരവാഹികളായ ശാ ആയഞ്ചേരി, അസീസ് സഖാഫി പാലോളി, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൗശാദ് അതിരുമട എന്നിവര്‍ സംബന്ധിച്ചു.
 
								 
															 
															 
															 
															 
															








