മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസ് സമാപിച്ചു. ഖലീഫ സ്പോര്‍ട്സ് സിറ്റിയിലാണ് സമാപന ചടങ്ങ് നടന്നത്.
63 സ്വര്‍ണം, 49 വെള്ളി, 35 വെങ്കലം അടക്കം 147 മെഡലുകള്‍ നേടി ചൈന ഒന്നാമതെത്തി. 37 സ്വര്‍ണം, 16 വെള്ളി, 28 വെങ്കലം അടക്കം 81 മെഡലുകള്‍ നേടി ഉസ്ബക്കിസ്ഥാന്‍ രണ്ടാം സ്ഥാനവും 24 സ്വര്‍ണം, 29 വെള്ളി, 40 വെങ്കലം അടക്കം 93 മെഡലുകള്‍ നേടി കസാക്കിസ്ഥാന്‍ മൂന്നാം സ്ഥാനവും നേടി.
അഞ്ച് സ്വര്‍ണ്ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആകെ 13 മെഡലുകള്‍ നേടി ബഹ്റൈന്‍ അറബ് രാജ്യങ്ങളില്‍ രണ്ടാമതെത്തി. ഇന്ത്യയുടെ 222 അത്ലറ്റുകള്‍ പങ്കെടുത്ത ഗെയിംസില്‍ 48 മെഡലുകള്‍ (13 സ്വര്‍ണ്ണം, 18 വെള്ളി, 17 വെങ്കലം) നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ സമാപന ചടങ്ങില്‍ പങ്കെടുത്തു. ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതില്‍ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെയും ഷെയ്ഖ് ഖാലിദ് അഭിനന്ദിച്ചു.
ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹെജി, ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ ആദ്യ വൈസ് പ്രസിഡന്റ് തിമോത്തി ഫോക്ക് എന്നിവരും സംസാരിച്ചു.
2029 ല്‍ അടുത്ത ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഉസ്‌ബെക്കിസ്ഥാന് ഗെയിംസിന്റെ പതാക ഔദ്യോഗികമായി കൈമാറി. ബഹ്റൈനില്‍ നടന്ന ഗെയിംസ്, അടുത്ത ഗെയിംസിന്റെ പ്രിവ്യൂ, രാഷ്ട്രങ്ങളുടെ പരേഡ് എന്നിവ അടങ്ങിയ വീഡിയോ പ്രദര്‍ശനത്തോടെയാണ് മേള അവസാനിച്ചത്.









