മനാമ: സോപാനം വാദ്യകലാസംഘം കോണ്‍വെക്‌സ് മീഡിയ ഇവന്റ്‌സിന്റെ സഹകരണത്തൊടെ ബഹ്റൈന്‍ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന സോപാനം വാദ്യസംഗമം 2025 ഡിസംബര്‍ 5 വെള്ളിയാഴ്ച ടുബ്ലീ അദാരിപാര്‍ക്ക് ഗ്രൗണ്ടില്‍ അരങ്ങേറും. വൈകീട്ട് 5 മണിക്ക് മട്ടന്നൂര്‍ ശ്രീരാജ് & ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന കേളികൊട്ടോടെ പരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്ന് ഭാരതീയ നൃത്തരൂപങ്ങളുടെ വൈവിധ്യമായ അവതരണങ്ങളുമായി 100ല്‍ പരം നര്‍ത്തകിമാര്‍ അരങ്ങിലെത്തും. ശേഷം നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയിലും ഉദ്ഘാടന സമ്മേളനത്തിലും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, അമ്പലപ്പുഴ വിജയകുമാര്‍, ഏലൂര്‍ ബിജു തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. 30 കലാകാരന്മാരാണ് ഇന്ത്യയില്‍ നിന്നും വാദ്യസംഗമത്തിനായി എത്തിച്ചേരുന്നത്.
അമ്പലപ്പുഴ വിജയകുമാറും ഏലൂര്‍ ബിജുവും നേതൃത്വം നല്‍കി 71 കലാകാരന്മാര്‍ സോപാനസംഗീതം അവതരിപ്പിക്കും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍കൂടിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ജയറാമും നയിക്കുന്ന 300 ല്‍ പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവും വാദ്യസംഗമത്തില്‍ അരങ്ങേറും. പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം മിഥുന്‍ ജയരാജും ഒരുക്കുന്ന സംഗീത പരിപാടി ‘കാതോട് കാതോരം’ സോപാനം വാദ്യസംഗമത്തിലെ പ്രത്യേക പരിപാടി ആയിരിക്കും.
തായമ്പകയിലെ യുവരാജാക്കന്മാര്‍ സര്‍വ്വശ്രീ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ്, വീരശൃംഖല ജേതാവ് കാഞ്ഞിലശ്ശേരി പത്മനാഭന്‍, വലംതല പ്രമാണി വെള്ളിനേഴി രാംകുമാര്‍, ഇലത്താളം പ്രമാണി മട്ടന്നൂര്‍ അജിത്ത്, കുറും കുഴല്‍ പ്രമാണി കാഞ്ഞിലശ്ശേരി അരവിന്ദാക്ഷന്‍, കൊമ്പ് പ്രമാണി കൊരയങ്ങാട് സാജു എന്നിവര്‍ മുഖ്യസാന്നിധ്യമാകും. 10,000-ലധികം ആസ്വാദകര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വാദ്യസംഗമം ബഹ്റൈനിലെ ഏറ്റവും വലിയ സാംസ്‌കാരിക അരങ്ങായി മാറും.
ഭാരതീയ വാദ്യ-സംഗീത പാരമ്പര്യവും ബഹ്റൈന്‍-ഇന്ത്യ സാംസ്‌കാരിക ബന്ധങ്ങളും കൂടുതല്‍ ശക്തമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം എന്ന് സോപാനം ഡയറക്ടര്‍ സന്തോഷ് കൈലാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞൂ. രാഷ്ട്രീയ മത ജാതി ലിംഗ ഭേദമന്യേ എല്ലാവിഭാഗം ആളുകളേയും വാദ്യസംഗമത്തിലേക്ക് സ്വാഗതം ചെയ്യുകയും പരിപാടിയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
വാദ്യസംഗമം 2025ന്റെ ആദ്യ പോസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അജിത്ത് നായര്‍ പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍വെക്‌സ് മീഡിയ മാനേജിങ് ഡയറക്ടര്‍ അജിത്ത് നായര്‍, സോപാനം ഡയറക്ടര്‍ സന്തോഷ് കൈലാസ്, രക്ഷാധികാരി അനില്‍ മാരാര്‍, സഹരക്ഷാധികാരി ശശികുമാര്‍, ആനന്ദ് സുബ്രഹ്‌മണ്യം, ചെയര്‍മാന്‍ ചന്ദ്രശേഖരന്‍, വൈസ് ചെയര്‍മാന്‍മാരായ ഉണ്ണികൃഷ്ണന്‍ പുന്നയ്ക്കല്‍, ഗോപിനാഥ്, കണ്‍വീനര്‍ ജോഷി ഗുരുവായൂര്‍, ജോയന്റ് കണ്‍വീനര്‍മാരായ പ്രകാശ് വടകര, അജേഷ് കണ്ണന്‍, മിഥുന്‍ ഹര്‍ഷന്‍, മനോജ് രാമകൃഷ്ണന്‍, വിജയന്‍ ഇരിങ്ങാലക്കുട, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലാജി, വൈസ് ചെയര്‍മാന്‍മാരായ പ്രവിത വിജയ്, ബിനു അനിരുദ്ധന്‍, കണ്‍വീനര്‍ സുധി, ട്രഷറര്‍ രാജേഷ് മാധവന്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ രൂപേഷ് ഊരാളുങ്കല്‍, കണ്‍വീനര്‍ ആതിര സുരേന്ദ്ര, സോപാനം കോഡിനേറ്റര്‍ വിനീഷ് സോപാനം കൂടാതെ മറ്റു സോപാനം കുടുംബാംഗങ്ങളും പങ്കെടുത്തു.









