മനാമ: അഞ്ചാമത് ഇന്ത്യ-ബഹ്റൈന്‍ ഹൈ ജോയിന്റ് കമ്മീഷന്‍ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. യോഗത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയും അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും ചച്ചകള്‍ നടന്നു. പ്രതിരോധം, സുരക്ഷാ മേഖലകളില്‍ ഭാവിയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചു.
വ്യാപാരം, ആരോഗ്യം, സംസ്‌കാരം, ബഹിരാകാശം, ഫിന്‍ടെക്, സൈബര്‍ മേഖലകളിലെ അവസരങ്ങള്‍ എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്തു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇരു രാജ്യങ്ങളും അപലപിച്ചു.
ഡിസംബറില്‍ മനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ ഏറ്റെടുക്കുന്നതോടെ ഇന്ത്യ- ജിസിസി ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് ബഹ്റൈന്‍ നേതൃത്വത്തിന് അദ്ദേഹം നന്ദിയും അറിയിച്ചു.









